ചെന്നൈ: സര്‍ക്കാര്‍ ആളുകളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ സൗജന്യ വസ്തുക്കള്‍ വിതരണം ചെയ്ത് ആളുകളെ മടിയന്‍മാരാക്കിയെന്ന് മദ്രാസ് ഹൈക്കോടതി. ദാരിദ്ര്യ രേഖ പരിഗണിക്കാതെ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും സൗജന്യ അരി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സര്‍ക്കാരിന് അരിയും മറ്റ് ആവശ്യവസ്തുക്കളും ഏറ്റവും ആവശ്യമുള്ള പാവപ്പെട്ടവര്‍ക്ക് മാത്രമായി നല്‍കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി തുടര്‍ച്ചയായി വരുന്ന സര്‍ക്കാരുകള്‍ ഇത്തരം സൗജന്യങ്ങള്‍ എല്ലാവര്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്ന് എല്ലാം സൗജന്യമായി ലഭിക്കുമെന്ന പ്രവണത ആളുകള്‍ക്കുണ്ടാവാന്‍ ഇത് കാരണമായെന്ന് ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് അബ്ദുള്‍ കുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാനത്തെ കരിഞ്ചന്ത ലോബികള്‍ക്കെതിരെ നല്‍കിയ ഹര്‍ജി
പരിശോധിക്കവേയായിരുന്നു കോടതി പൊതു വിതരണ സംവിധാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയത്. പൊതു വിതരണത്തിന് നല്‍കിയ അരിയും മറ്റ് സാധനങ്ങളും മറിച്ചു വിറ്റ സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്നും കോടതി ചോദിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 442 ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി എജി വിജയ് നാരായണ്‍ കോടതിയെ ബോധിപ്പിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ട ആവശ്യക്കാര്‍ക്ക് അരി നല്‍കുന്നതിനെതിരല്ല ഈ കോടതി. എന്നാല്‍ സാമ്പത്തിക സ്ഥിതി നോക്കാതെ ഇത് നല്‍കാന്‍ പാടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്കല്ലാതെ സൗജന്യ അരി ലഭിച്ചാല്‍ അത് പൊതു ഖജനാവിന് തന്നെയാണ് നഷ്ടമെന്നും കോടതി പറഞ്ഞു.