തണുത്ത് വിറങ്ങലിച്ച് ഡല്‍ഹി; 119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തി; തണുപ്പ് ഇനിയും കൂടും

താപനില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

ന്യൂഡല്‍ഹി: 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി സഫ്ദര്‍ജംഗില്‍ അനുഭവപ്പെട്ടത്. 9.4 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തണുത്ത് വിറങ്ങലിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. താപനില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയാണ് നിലവില്‍ സഫ്ദര്‍ജംഗില്ലേത്. എന്നാല്‍ ഡല്‍ഹിയില്‍ ഒമ്പത് ഡിഗ്രിയിലും താഴെ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുമുണ്ട്. ഡല്‍ഹി ആയാ നഗറില്‍ 7.8, റിഡ്ജില്‍ 8.4 എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി പാലം വിമാനത്താവളം അടക്കമുള്ള പ്രദേശങ്ങളിലും താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസോളം താഴ്ന്നിരിക്കുകയാണ്. ശക്തമായ പുകമഞ്ഞില്‍ മൂടിയിരിക്കുന്ന ഡല്‍ഹിയിലെ കാലാവസ്ഥ വിമാന സര്‍വ്വീസുകളെയും ട്രെയിന്‍ സര്‍വ്വീസുകളെയും ബാധിച്ചിട്ടുണ്ട്. മോശം കാലവാവസ്ഥയെ തുടര്‍ന്ന് 40 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.

Exit mobile version