മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ അടച്ചുപൂട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ വിമാനക്കമ്പനി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, നിലത്തിറക്കിയ 12 വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് നിക്ഷേപം അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
എയര്‍ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഓഹരി വിറ്റഴിക്കലിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍വേസിന്റെ വിധി തന്നെയാകുമെന്നും ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഏപ്രിലില്‍ ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയിരുന്നു. സ്വകാര്യവത്കരണ പദ്ധതികള്‍ക്കിടയില്‍ ഇനിയും എയര്‍ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ എയര്‍ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ കൈവിടുമെന്നാണ് സൂചന. ചെറിയ സഹായങ്ങളിലൂടെ ഇനി എയര്‍ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.
2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപ നിക്ഷേപിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി പ്രകാരം 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ധാരണ. സര്‍വീസുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി 2400 കോടി രൂപയുടെ പരമാധികാര ഗ്യാരണ്ടി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുവദിച്ചത് 500 കോടി മാത്രമായിരുന്നു.
നിലവില്‍ ഒരുവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ പരമാവധി 2020 ജൂണ്‍ വരെയെ ഈ അവസ്ഥയില്‍ പോകാന്‍ കഴിയൂ. അപ്പോഴേക്കും നിക്ഷേപത്തിന് ആളെ കണ്ടെത്തിയില്ലെങ്കില്‍ എയര്‍ഇന്ത്യ അടയ്ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. 2018-19 ല്‍ മാത്രം എയര്‍ ഇന്ത്യയുടെ നഷ്ടം 8,556.35 കോടി രൂപയാണ്.
Discussion about this post