ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മിയ്ക്ക് തിരിച്ചടി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി നിയോജകമണ്ഡലത്തിലെ പ്രമുഖ ആംആദ്മി നേതാവ് ഗുജ്ജന്‍ സിങ് റാണ ബിജെപിയില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗുജ്ജന്‍ സിങ് റാണ ബിജെപിയിലേക്ക് എത്തിയത്. ബിജെപിയുടെ പ്രമുഖ ദളിത് മുഖമാണ് സിങ്.
2017 ല്‍ ബവാന ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിന്റെ പരിഭവത്തിലാണ് ബിജെപി വിട്ട് സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
”എന്റെ കുടുംബത്തില്‍ നിന്ന് (ബിജെപി) അകന്നു കഴിയുന്നത് എനിക്ക് കുറച്ചൊന്നുമല്ല വേദനയുണ്ടാക്കിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ സ്വന്തം എംഎല്‍എമാരെ ബഹുമാനിക്കുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത്തരമൊരു പാര്‍ട്ടിയില്‍ എനിക്ക് അധിക കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് തറവാട്ടിലേക്ക് മടങ്ങിവരാന്‍ ഞാന്‍ തീരുമാനിച്ചത്,” സിങ് പറഞ്ഞു.
സിങ്ങിന് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും ലഭിക്കുമെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. നിരുപാധികമായാണ് സിങ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞെങ്കിലും അദ്ദേഹം ബവാനയില്‍ നിന്ന് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.
Discussion about this post