ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരായ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ റോഡ് മാര്‍ഗമുള്ള യാത്ര ഉപേക്ഷിച്ച് ഹെലികോപ്റ്ററില്‍ പറന്ന് ബിജെപി മന്ത്രി. ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയാണ് ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ റോഡ് ഒഴിവാക്കി ആകാശയാത്ര തെരഞ്ഞെടുത്തത്. അന്തരിച്ച ബിജെപി എംഎല്‍എ രാജന് ബോര്‍താക്കൂറിന്റെ വസതി സന്ദര്‍ശിക്കാനായിരുന്നു ഹിമന്തയുടെ യാത്ര.
ഗുവാഹത്തിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തേസ്പൂരിലെത്തിയ ഹിമന്തക്ക് പക്ഷേ പരിപാടി നടക്കുന്ന ഘോറാമരിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ആള് അസം സ്റ്റുഡന്റ്സ് യൂണിയന്റെ(എഎഎസ്യു) പ്രതിഷേധം ശക്തമായതോടെയാണ് ഹിമന്ത തേസ്പൂരില്‍ കുടുങ്ങിയത്. പ്രക്ഷോഭകര്‍ തേസ്പൂരും ഘോറാമരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത -15 യില്‍ ഗതാഗതം തടഞ്ഞു. പൗരത്വ നിയമത്തിനെതിരെയും മന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ദേശീയപാതാ ഉപരോധം.
റോഡിലൂടെ പോകുന്നത് പന്തിയല്ലെന്ന് കണ്ടതോടെയാണ് ഹിമന്ത ലക്ഷ്യസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ നിര്‍ബന്ധിതനായത്. രംഗപാറ മണ്ഡലത്തിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ രാജന് ബോര്‍താക്കൂറിന്റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഹിമന്ത തേസ്പൂരിലെത്തിയത്.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതുവരെ ബിജെപിക്കും സഖ്യകക്ഷിയായ എജിപി നേതാക്കള്‍ക്കുമെതിരായ പ്രതിഷേധവും ഉപരോധവും സംസ്ഥാനത്തൊട്ടാകെ തുടരുമെന്ന് എഎഎസ്യു നേതാവ് സമുജ്ജല്‍ കുമാര്‍ ഭട്ടാചാര്യ പറഞ്ഞു.
Discussion about this post