ബിജെപിയെ ഒറ്റപ്പെടുത്തണം; രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്; ആഹ്വാനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് എല്ലായിടങ്ങളിലും ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുരിയയില്‍ അഞ്ച് കിലോമീറ്റര്‍ പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മമത.

‘രാജ്യത്തെ പൗരന്മാരുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ബിജെപി പദ്ധതിയിടുകയാണ്. ഇതിനെതിരെ എല്ലായിടങ്ങളിലും കൈകോര്‍ത്ത് അവരെ ഒറ്റപ്പെടുത്താനാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും മമത പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് ബിജെപി ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്നും, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ തന്റെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെയെല്ലാം പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തുക. ആരും ഈ രാജ്യം വിടേണ്ടിവരില്ലെന്നും മമത പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

Exit mobile version