മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറിലെ മൂന്നു പാര്‍ട്ടികളില്‍ നിന്നായി 20 ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
വിദ്യാഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അജിത് പവറിന് പുറമേ എന്‍സിപിയില്‍ നിന്ന് പതിമൂന്ന് പേരും ശിവസേനയില്‍ നിന്ന് 12 പേരും കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഉപമുഖ്യമന്ത്രി അജിത് പവാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ധനകാര്യ വകുപ്പ് എന്‍സിപിക്കും റവന്യു, പൊതുമരാമത്ത് കോണ്‍ഗ്രസിനും ലഭിച്ചേക്കും. അതെസമയം ഒരു മാസത്തെ ഇടവേളയില്‍ രണ്ട് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകത അജിത് പവാറിനുണ്ട്.
നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ രാജി വെച്ചു.തുടര്‍ന്ന് എന്‍സിപിയി നേതൃനിരയിലേക്ക് തിരിച്ചെത്തിയ അജിത് പവാര്‍ മഹാവികാസ് അഘാഡി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി പദവിയിലുമെത്തി.