താനെ: കടം വീട്ടാന്‍ വേണ്ടി കോഴി മുട്ട മോഷ്ട്ടിച്ച വ്യവസായി പിടിയില്‍. ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് കോഴി മുട്ടയുമായി വന്ന വണ്ടിയുടെ ഉടമയെയും മകനെയും ആക്രമിച്ച് വണ്ടിയുമായി മുങ്ങിയ കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ മുട്ടകളാണ് വണ്ടിയിലുണ്ടായിരുന്നത്. നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മുട്ട 4,700 ട്രേകളിലായാണ് സൂക്ഷിച്ചിരുന്നത്. ഓരോ ട്രേയിലും 30 മുട്ടകള്‍ എന്ന രീതിയിലാണ് ട്രേകളില്‍ അടക്കിയിരുന്നത്. സംഭവം നടന്ന ദിവസം മുട്ട കച്ചവടക്കാരനായ മുഹമ്മദ് നബി ഷെയ്ഖും മകന്‍ മുസ്സമ്മിലും താനെയിലെ അമ്പര്‍നാഥിലെ മൊത്തക്കച്ചവടക്കാരന് മുട്ടയെത്തിക്കുന്നതിനായി പോകുകയായിരുന്നു. അമ്പനാഥ്-ബദല്‍പൂര്‍ റോഡിലെ ഗ്രീന്‍ സിറ്റി ടി സര്‍ക്കിളില്‍ എത്തിയപ്പോളാണ് ഒരു സംഘം ആളുകള്‍ വാഹനം തടയുകയും ഷെയ്ഖിനെയും മകനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. ആക്രമി സംഘത്തില്‍ നാല് പേരാണുണ്ടായിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ഷെയ്ഖ് നല്‍കിയ പരാതിയില്‍ താനെ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം നടത്തി. സംഭവം നടന്ന ദിവസം അമ്പര്‍നാഥിലെ മാര്‍ക്കറ്റില്‍ സാദത്ത് എന്ന് പേരുള്ള ഒരാള്‍ ഹോള്‍സെയില്‍ വിലയില്‍ കച്ചവടക്കാര്‍ക്ക് മുട്ട വിറ്റതായി കടയുടമകള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് സാദത്തിന്റെ ഭിവാന്തി വാഡ റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വ്യാപാരത്തില്‍ ഉണ്ടായ വന്‍ കടബാധ്യത മൂലമാണ് മോഷണം നടത്തിയതെന്ന് സാദത്ത് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഗോഡൗണില്‍നിന്നും 1.16 ലക്ഷത്തോളം മുട്ടകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.