ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്കും ചരക്ക് ഗതാഗത നിരക്കും വര്‍ധിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ്. യാത്രക്കാരുടെയും, ചരക്ക് ഗതാഗതത്തിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിനു പുറമെ പുതിയ ട്രെയിനുകള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി -മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതായും ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റെയില്‍വേ നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എസി കാറ്റഗറിയിലും അണ് റിസേര്‍വ്ഡ് കാറ്റഗറിയിലും സീസണ് ടിക്കറ്റുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് യുണെറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.