ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് ബിജെപി തീരുമാനിക്കേണ്ട, ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ഒരു ഫോറവും ഒരു കാരണവശാലും താന്‍ പൂരിപ്പിക്കില്ല; മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ലഖ്‌നൗ: ഞങ്ങളെല്ലാവരും ഇന്ത്യക്കാരാണെന്ന് ബിജെപി തീരുമാനിക്കേണ്ട ആവശ്യമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ഒരു ഫോറവും താന്‍ പൂരിപ്പിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ക്ക് ദേശീയ പൗരത്വ രജിസ്റ്റര്‍ അല്ല വേണ്ടത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്ന് വിദഗ്ധരെല്ലാം പറയുന്നു. ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും ജീവിക്കാന്‍ ആവശ്യമായ സാഹചര്യങ്ങളുമാണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും അഖിലേഷ് ചോദിച്ചു.

എന്‍പിആറിന്റെ കീഴിലുള്ള പൗരത്വഫോറം താന്‍ പൂരിപ്പിക്കില്ല. ഫോറം പൂരിപ്പിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഇവിടെ ഞങ്ങളാകും ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ഫോറം പൂരിപ്പിക്കാത്ത ആദ്യത്തെ ആളുകളെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Exit mobile version