ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ കാതലായമാറ്റം ഉന്നംവെച്ച് ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശിച്ചതായി സൂചന. അമിത്ഷായുമായി ഡല്‍ഹിയില്‍ പിഎസ് ശ്രീധരന്‍പിള്ള കൂടിക്കാഴ്ച നടത്തി.
അയോദ്ധ്യ പോലെ വലിയ രാഷ്ട്രീയ മുന്നേറ്റ സാധ്യതയാണ് ശബരിമല പ്രക്ഷോഭത്തിലൂടെ ബിജെപി ദേശീയ നേതൃത്വം കാണുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള നിര്‍ദ്ദേശം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പിഎസ്ശ്രീധരന്‍ പിള്ളക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ നല്‍കി. ആചാര സംരക്ഷണത്തിനായി ബിജെപി എടുക്കുന്ന നിലപാടിനൊപ്പം വിശ്വാസികളായ ഹിന്ദുക്കളെ ഒന്നിപ്പിക്കണം.
ഇപ്പോഴത്തെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തി ശബരിമലയെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചയാക്കി മാറ്റണം. കേരളത്തില്‍ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ശബരിമല പ്രക്ഷോഭം വ്യാപിപ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അമിത്ഷാ ശ്രീധരന്‍പിള്ളയെ അറിയിച്ചു.
ശബരിമല വിഷയത്തില്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍ വലിയ വിജയമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇതോടൊപ്പം ലക്ഷ്യം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതാക്കള്‍ നല്‍കുന്നു.