ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടെന്ന ആരോപണവുമായി യുപി പോലീസ്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തില്‍ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് യുപി പോലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ തയ്യാറാക്കാനാണ് യുപി പോലീസിന്റെ തീരുമാനം. കേരളത്തിലും ഉത്തര്‍പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും പോലീസ് പറയുന്നു. സിസിടിവി പരിശോധിച്ചതിന് ശേഷമായിരിക്കും പോസ്റ്ററുകള്‍ തയ്യാറാക്കുകയെന്നും പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒട്ടേറെ പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടി എന്നാണ് പോലീസ് വിശദീകരിക്കുകയും ചെയ്തിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ലക്ഷക്കണത്തിന് രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി.
Discussion about this post