ചെന്നൈ: എന്‍ഡിഎ സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തില്‍ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കില്‍ എനിക്കത് ആവശ്യമില്ല, ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയത്.
‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ വളര്‍ന്നുവന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അതേ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് അവിശ്വസനീയമാണ്. മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കില്‍ എനിക്കത് ആവശ്യമില്ല. ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീട് എനിക്ക് കുറ്റബോധം തോന്നും. ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരാള്‍ നിശബ്ദനായിരുന്നാല്‍ ഈ രാജ്യത്തിന്റെ ഭാവി എന്താവും? വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്, ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്’ എന്നാണ് സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. മോഡിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു മുമ്പും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടന്‍ കൂടിയാണ് സിദ്ധാര്‍ഥ്.
Discussion about this post