ബിജ്‌നോര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിരണ്ട് പേരാണ് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതിയെ കുറിച്ചും ദേശീയ പൗരത്വ പട്ടികയെയും കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ എത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം.
അര്‍മോഹ ജില്ലാ ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ലകാഡ മഹല്ലില്‍ തന്നെയും സംഘത്തെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മുര്‍ത്തസ ആഗ ഖാസിമിക്ക് വ്യക്തമാക്കിയത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
മുര്‍ത്തസ ആഗ ഖാസിമിക്കും സംഘവും ലകാഡ മഹല്ലിലെ ഒരു ഷോപ്പിലാണ് പൗരത്വ നിയമ ഭേദഗതിയെ കുറിച്ചും ദേശീയ പൗരത്വ പട്ടികയെയും കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പോയത്. ഈ പരിപാടിക്കിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. റാസ അലി എന്നയാളാണ് തന്നെ മര്‍ദ്ദിച്ചത് എന്നാണ് ഖാസിമി പറഞ്ഞത്. മറ്റ് ചിലരും ആക്രമണത്തിന് ഒപ്പം കൂടിയെന്നും ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഖാസിമി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബിജെപി വ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെയാണ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ബോധവല്‍ക്കരണത്തിലൂടെ പ്രതിഷേധം കുറയ്ക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ ബിജെപിയുടെ എല്ലാ ശ്രമങ്ങലും പരാജയപ്പെടുകയാണ്.