മംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം കൈമാറി.
പശ്ചിമബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ലോക്സഭാംഗം ദിനേശ് ത്രിവേദി, രാജ്യസഭ എംപി നദീമുല്‍ ഹഖ് എന്നിവരെത്തിയാണ് ധനസഹായം കൈമാറിയത്. പോലീസ് വെടിവയ്പ്പില്‍ മരിച്ച അബ്ദുല്‍ ജലീല്‍, നൗഷീദ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമുള്ള ചെക്കുകളാണ് നല്‍കിയത്. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഈമാസം 19നാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.
കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടന്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമത ധനസഹായം നല്‍കുമെന്ന് അറിയിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രഖ്യാപനം.
അതേസമയം, കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ പണം കൈമാറിയിരുന്നു.
Discussion about this post