മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിയൊന്ന് പേരാണ് മരിച്ചത്. ഇപ്പോഴിതാ ജനങ്ങളോട് അക്രമത്തില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന ആഹ്വാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തോട് തനിക്ക് യോജിപ്പില്ലെന്നും ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ അക്രമത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്നാണ് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘തനിക്ക് ഇപ്പോള്‍ നടക്കുന്ന അക്രമത്തോട് യോജിപ്പില്ല. നിങ്ങള്‍ ഇടതായാലും വലതായാലും അക്രമത്തിലേക്ക് കടക്കരുത്. ആരുടെയും വസ്തുവകകള്‍ നശിപ്പിക്കരുത്. അക്രമത്തില്‍നിന്ന് അകന്നുനില്ക്കുക. പോസിറ്റീവ് ആയി പരസ്പരം ആശയവിനിമയം നടത്തുക. ആരും ആരുടെയും വസ്തുവകകള്‍ നശിപ്പിക്കാന്‍ പാടില്ല’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തോട് തനിക്ക് യോജിപ്പില്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് നിരവധി താരങ്ങള്‍ ഇതിനോടകം രംഗത്ത് എത്തിയിരുന്നു. അനുരാഗ് കശ്യപ്, ഫര്ഹാന് അക്സര്‍, ഹുമ ഖുറേഷി, സ്വര ഭാസ്കര്‍, അനുഭവ് സിന്‍ഹ, പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയ താരങ്ങളൊക്കെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം ബോളിവുഡിലെ ഖാന്മാരും ഇതുവരെ ഇതിനെതിരെ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല.
Discussion about this post