ലഡാക്ക്: കാര്‍ഗില്‍ മേഖലയില്‍ നാല് മാസങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിനെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നത്.
145 ദിവസങ്ങള്‍ക്ക് ശേഷമാണ് കാര്‍ഗിലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ജമ്മു കാശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് 370ാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളെ ഭയന്ന് മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങളും ലാന്റ്ലൈനുകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.
കഴിഞ്ഞ നാല് മാസങ്ങളായി കാര്‍ഗിലില്‍ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് കണക്കിലെടുത്താണ് ഇപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. അതേസമയം മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരത്തെ തന്നെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.
ഇന്റര്‍നെറ്റ് സേവനങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് മേഖലയിലെ മതനേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
InternetShutdowns.inന്റെ കണക്കു പ്രകാരം 2019ല്‍ 105 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മൊബൈല്‍ – ടെലിഫോണ്‍ സേവനദാതാക്കള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തുന്നതിന്റെ മാത്രം കണക്കാണിത്.
പൗരത്വ നിയമഭേദഗതിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കാരണമാണ് അവസാനമായി രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍, ബുലന്ദ്ശഹര്‍, മുസാഫര്‍നഗര്‍, മീററ്റ്, ആഗ്ര, ഫിറോസാബാദ് എന്നിവിടങ്ങളിലായിരുന്നു ഏറ്റവും ഒടുവിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍.
കഴിഞ്ഞ ആഴ്ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പടെ വ്യാപകമായി ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് നിയന്ത്രണത്തിനൊപ്പം പലയിടത്തും മൊബൈല്‍ കോളുകളും എസ്എംഎസ് സേവനങ്ങളും തടസപ്പെടുത്തിയിരുന്നു.
Discussion about this post