ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരെ തല്ലി ചതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നരനായാട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് നടത്തിവരുന്നത്. ഇപ്പോള്‍ നിയമത്തില്‍ പ്രതിഷേധിച്ച മുസ്ലിം വിഭാഗങ്ങളെ നിയമവിരുദ്ധവും ക്രൂരവുമായ നടപടികളിലൂടെയാണ് ഉത്തര്‍പ്രദേശ് പോലീസ് നേരിടുന്നതെന്നതെന്നാണ് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
മനുഷ്യാവകാശ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉത്തര്‍പ്രദേശില്‍ പോലീസ് നടത്തിയ ഭീകരവാഴ്ചയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. 1984ല്‍ ഡല്‍ഹിയും 2002ല്‍ ഗുജറാത്തും കണ്ട വംശഹത്യയാണ് ഉത്തര്‍പ്രദേശില്‍ നടന്നതെന്ന് സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പോലീസിന്റെ തേര്‍വാഴ്ചയെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിഷേധക്കാരെ അടിച്ച് നിലംപരിശാക്കി അവരെ ഒരു പാഠം പഠിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും മുതിര്‍ന്ന പോലീസ് ഓഫീസറുടെ വോയ്സ് ക്ലിപ്പ് സേഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യുപി വെടിവെയ്പ്പ് സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനുമൊക്കെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്നും സംഘം കൂട്ടിച്ചേര്‍ത്തു. പ്രകടനവും സമരവും യുപിയില്‍ നടത്താതിരിക്കാനാണ് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും സംഘം കുറ്റപ്പെടുത്തി.
വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്;
ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെയും അവരുടെ കുടുംബത്തിനെതിരെയും എഫ്ഐആറുകള്‍ തയാറാക്കി നിശബ്ദരാക്കുകയാണ്. രണ്ടു ഡസനോളം പേര് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് പോലീസ് തന്നെ പുറത്തുവിട്ട കണക്കുകള്‍. യഥാര്‍ത്ഥ മരണ സംഖ്യ ഇപ്പോഴും വ്യക്തമല്ല. ഇവരില്‍ മിക്കവര്‍ക്കും നെഞ്ചിലും മുഖത്തുമൊക്കെയാണ് വെടിയേറ്റത്. മൃതദേഹങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോകാനോ ബന്ധുക്കള്‍ക്ക് പരിശോധിക്കാനോ പോലീസ് അവസരം നല്‍കിയിട്ടില്ല.
സ്വന്തം ഗ്രാമങ്ങള്‍ക്കു പുറത്തുള്ള കബര്‍സ്ഥാനുകളിലാണ് അവരെ നിര്‍ബന്ധമായി അടക്കം ചെയ്യിച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കലാപത്തിന് നേതൃത്വം കൊടുത്തവരായും പൊതുമുതല്‍ നശിപ്പിച്ചവരായും ചിത്രീകരിക്കുകയാണ് പോലീസ്. അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. 3500 ലേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുള്ള യുപി പോലീസ് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നിയമരാഹിത്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.
രണ്ടുതരം പൗരന്മാര് ഇപ്പോള്‍ രാജ്യത്തുണ്ട്. അതിലൊരു കൂട്ടര്‍ക്ക് പ്രതിഷേധിക്കാം. എന്തും ചോദിക്കാം. മറ്റെ കൂട്ടര്‍ക്ക് പാടില്ല. അതാണ് മീററ്റില്‍ കണ്ടത്. അവരോടൊപ്പം പോലീസും ഭരണകൂടവും ഉണ്ടാവില്ല. വിദേശികളെ പോലെയാണ് അവരെ എതിരിടുന്നത്. ‘
Discussion about this post