ന്യൂഡല്‍ഹി: പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. യുഎസ് പാര്‍ലമെന്റിന്റെ കോണ്‍ഗ്രഗേഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍ ഉള്ളത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സിആര്‍എസ് റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൈമാറിയത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിനാല്‍ രാജ്യന്തര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഈ വാദത്തെ പൊളിച്ചെടുക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ 200 ദശലക്ഷം മുസ്ലിങ്ങളുണ്ടെന്നും ഇവരുടെ പദവിയെ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും കാര്യമായി ബാധിക്കുമെന്നാണ് സിആര്‍എസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവ എങ്ങനെയാണ് ബാധിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുകയില്ല. 55നു ശേഷം പല തവണ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും അതിലൊന്നും മതപരമായ വിവേചനമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post