ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടി നല്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നേതാവിനുള്ള മറുപടി നല്‍കിയത്. മലയാളത്തില്‍ അദ്ദേഹം നമുക്ക് കാണാം എന്ന് കുറിച്ചു.
ബി ഗോപാലാകൃഷ്ണന്റെ വെല്ലുവിളി റിപ്പോര്‍ട്ട് ചെയ്ത ന്യൂസിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു അദ്ദേഹം മറുപടി കുറിച്ചത്. ‘കേരളം സൊമാലിയയ്ക്ക് തുല്യമാണെന്ന് മോഡി പറഞ്ഞിരുന്നു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിയിലാക്കി മോഡിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ സ്വപ്നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടുതന്നെ എന്‍പിആര്‍ നടപ്പിലാക്കുമെന്നും അല്ലാത്തപക്ഷം, കേരളത്തിനുള്ള റേഷന്‍ റദ്ദാക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വെല്ലുവിളി.
Discussion about this post