ബിജ്നോര്‍: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മരണപ്പെട്ട മുസ്ലീം യുവാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. പ്രക്ഷോഭകാരികളുടെ അടുത്തേക്ക് ഞാനെന്തിന് പോകണം? എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ചോദ്യത്തില്‍ കപിലിന്റെ പ്രതികരണം. സംഭവത്തില്‍ വിവേചനം കാണിച്ചെന്ന ആരോപണം മന്ത്രി തള്ളി.
വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഓം രാജ് സെയ്നിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു കപില്‍. അതിനിടെ മരണപ്പെട്ട സുലെമാന്, ഐഎഎസ് പരീക്ഷാര്‍ഥി അനസ് എന്നിവരുടെ വീടുകളില്‍ കൂടി സന്ദര്‍ശനം നടത്തണമെന്ന് കപിലിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അത് വിസമ്മതിക്കുകയായിരുന്നു.
‘അവര്‍ പ്രക്ഷോഭം നടത്തി, വികാരത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. അങ്ങനുള്ള അവരെങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നത്. താന്‍ എന്തിന് പ്രക്ഷോഭകാരികളുടെ വീട്ടില്‍ പോകണം? ഇത് ഹിന്ദു- മുസ്ലീം എന്ന വേര്‍തിരിവല്ല’ എന്നാണ് സംഭവത്തില്‍ കപിലിന്റെ പ്രതികരണം.
ഓം രാജ് സെയ്നിയുടെയും സംഘര്‍ഷത്തില്‍ മരണപ്പെട്ട സുലെമാന്റെയും അനസിന്റെയും വീട്ടിലും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കപിലിന്റെ നടപടി ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്.
Discussion about this post