ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന എതിരാളികൾക്ക് തക്കതായ മറുപടി നൽകേണ്ട സമയമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ, പുതുക്കിയ പൗരത്വ നിയമത്തെക്കുറിച്ച് കോൺഗ്രസ് അഭ്യൂഹങ്ങൾ പരത്തുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി ദേശീയ തലസ്ഥാനത്ത് നടക്കുന്ന അക്രമത്തിന് കോൺഗ്രസ് ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിലെ ജനങ്ങളോടാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായ പരിപാടിക്കിടെ ‘തുക്ഡെ-തുക്ഡെ സംഘത്തെ’ ഒരു പാഠം പഠിപ്പിക്കേണ്ട സമയമാണിതെന്ന് അമിത് ഷാ പറഞ്ഞത്. ജനങ്ങളോട് കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ”തുക്ഡെ തുക്ഡെ” എന്നത് പ്രതിപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന മറ്റുള്ളവരെയും ആക്രമിക്കാൻ വലതുപക്ഷ പാർട്ടികൾ വിളിക്കുന്ന ഒരു പ്രയോഗമാണ്.
പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ അപ്പോൾ ഒന്നും പറഞ്ഞില്ല … അവർ പാർലമെന്റിന് പുറത്തു വന്ന ശേഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള തുക്ഡെ-തുക്ഡെ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നഗരത്തിലെ അക്രമത്തിന് അവർ ഉത്തരവാദികളാണ്. ഡൽഹിയിലെ ജനങ്ങൾ അവരെ ശിക്ഷിക്കണം- അമിത് ഷാ പറഞ്ഞു.
Discussion about this post