കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവിൽ ജനങ്ങൾ പ്രക്ഷോഭം നയിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ബംഗാൾ സർക്കാരിന്റെ ധനസഹായം. മംഗളൂരുവിൽ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം നൽകുകയെന്ന് ബംഗാൾ മുപഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
കൊൽക്കത്തയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മംഗളൂരുവിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരം നൽകൂവെന്നായിരുന്നു യെദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പിന്നാലെയാണ് മമത ബാനർജി മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരായി പശ്ചിമ ബംഗാളിലുടനീളം തുടർച്ചയായി മമതാ ബാനർജി പ്രതിഷേധ റാലികൾ സംഘടിപ്പിച്ച് വരികയാണ്. ജനാധിപത്യരീതിയിൽ പ്രതിഷേധം തുടരാൻ അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
Discussion about this post