ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭാസ് ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണെന്നും തന്റെ ശബ്ദം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ആരോപിച്ചാണ് സാവിത്രി കോണ്‍ഗ്രസ് വിട്ടത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗസിനുള്ളില്‍ എന്റെ ശബ്ദത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, അതിനാല്‍ രാജിവെക്കുന്നു. ഞാന്‍ എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും.-ഫൂലെ പറഞ്ഞു.
ഭരണഘടന ലംഘനത്തിനെതിരെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഞാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് എന്ന ആശയം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് പറഞ്ഞ് അവര്‍ അനുമതി നിഷേധിച്ചുവെന്നും അതിനാല്‍ എനിക്ക് പ്രതിഷേധിക്കാന്‍ സാധിച്ചില്ലെന്നും സാവിത്രി ഫൂലെ പറയുന്നു.
നമ്മുടെ ഭരണഘടനയും സംവരണവും അപകടത്തിലാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരായി ഞാന്‍ എല്ലായ്പ്പോഴും പ്രതിഷേധിക്കും. അതിന് പകരം പേപ്പര്‍ ബാലറ്റ് കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ അസമത്വം സൃഷ്ടിച്ചത് ആര്‍എസ്എസ് ആണെന്നും അവര്‍ തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ബിജെപിയില്‍ നിന്ന് ഫൂലെ രാജിവെക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഫൂലെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Discussion about this post