‘ഇതൊക്കെ അല്ലേ ഒരു സന്തോഷം, അർമാദിക്ക്’; സ്വന്തം ചിത്രം ട്രോളാൻ വിട്ടുകൊടുത്ത് മോഡി; കണ്ണടയുടെ വില ലക്ഷങ്ങളോ തിരക്കി വിരുതന്മാർ

ന്യൂഡൽഹി: രാജ്യത്ത് വ്യക്തമായി ദൃശ്യമായ വലയ സൂര്യഗ്രഹണമാണ് ഇപ്പോൾ ശാസ്ത്രപ്രേമികൾക്കിടയിൽ ചർച്ച. ഇതിനിടെ, സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ട്രോളാക്കി മാറ്റി വലിച്ചുകീറിയാണ് ട്രോളന്മാർ ആഘോഷമാക്കിയത്.

ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം മോഡിയുടെ ചിത്രം മീം ആയി(ട്രോൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചിത്രം) സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. നിരവധി പേരാണ് മോഡിയുടെ പുതിയ ചിത്രത്തെ ട്രോളികൊണ്ടിരിക്കുന്നത്. ഇതിനിടെ ട്രോളന്മാർക്ക് പ്രോത്സാഹനമായി മോഡിയുടെ ചിത്രം പുതിയ മീം ആയി മാറുന്നുവെന്നുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് രംഗത്തെത്തി പ്രധാനമന്ത്രിയും രംഗം കൊഴുപ്പിച്ചു. മീമിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ, സൂര്യഗ്രഹണം കാണാനായി മോഡി ഉപയോഗിച്ച കൂളിങ് ഗ്ലാസിനെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്. രണ്ടായിരത്തോളം ഡോളർ വിലവരുന്ന (1.4 ലക്ഷത്തോളം രൂപ) കൂളിങ് ഗ്ലാസാണ് അദ്ദേഹം ഉപയോഗിച്ചതെന്നാണ് ചിലർ ചിത്രം സൂം ചെയ്ത് കണ്ടുപിടിച്ചിരിക്കുന്നത്. ജർമൻ കമ്പനിയുടെ കൂളിങ് ഗ്ലാസാണ് ഇതെന്നാണ് പലരും പലരും ട്വീറ്റ് ചെയ്തത്.

അതേസമയം, ചിത്രം വലിയ ഹിറ്റായെങ്കിലും സൂര്യഗ്രഹണത്തിനായി കാത്തിരുന്ന മോഡി അൽപ്പം നിരാശയിലാണ്. ഡിസംബർ 26 വ്യാഴാഴ്ചയിലെ വലയ സൂര്യഗ്രഹണം കാണാനായി മോഡിയും തയ്യാറെടുത്തിരുന്നെങ്കിലും മേഘാവൃതമായ ആകാശം ചതിച്ചതിനാൽ വ്യക്തമായി വീക്ഷിക്കാനായിരുന്നില്ല. കോഴിക്കോട്ടെയും മറ്റിടങ്ങളിലെയും തത്സമയ സംപ്രേഷണത്തിലൂടെയാണ് താൻ സൂര്യഗ്രഹണം കണ്ടതെന്നും വിശദീകരിച്ച് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version