തോൽവിക്ക് കാരണം ഒറ്റുകാരെന്ന് രഘുബർ ദാസ്; രാജി വെച്ച് ബിജെപി അധ്യക്ഷൻ; ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി

റാഞ്ചി: കനത്ത തോൽവി ഏറ്റുവാങ്ങി ഭരണം കൈയ്യിൽ നിന്നും പോയതോടെ ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. തോൽവിക്കുകാരണം പാർട്ടിയിലെ ഒറ്റുകാരെന്ന് മുൻ മുഖ്യമന്ത്രി രഘുബർദാസ് ആരോപിച്ചതാണ് പാർട്ടിയിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരാൻ സാഹചര്യമൊരുക്കിയത്.

തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ രാജിവച്ചു. ചക്രധർപുർ മണ്ഡലത്തിൽ മത്സരിച്ച ഗിലുവയും തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ബുധനാഴ്ച പാർട്ടി അധ്യക്ഷൻ കൂടിയായ അമിത് ഷായ്ക്കാണ് ഗിലുവ രാജിക്കത്തു കൈമാറിയത്.

ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി മഹാസഖ്യം 47 സീറ്റുകളിൽ ജയിച്ചിരുന്നു. ബിജെപിക്ക് 25 സീറ്റുകൾ മാത്രമെ നേടാനായുള്ളൂ. 30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 50 എംഎൽഎമാരുടെ പിന്തുണയോടെ ജെഎംഎം നേതാവ് ഹേമന്ത് സോറനാണ് ജാർഖണ്ഡിൽ മുഖ്യമന്ത്രിയാകുക.

Exit mobile version