ലഖ്നൗ: ശക്തമായ പ്രതിഷേധ സമരമായിരുന്നു ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഫിറോസാബാദില്‍ പോലീസിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മൊഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് ഗുരുതരമായി വെടിയേറ്റ മൊഹമ്മദ് ഹറൂണ്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം വെടിയേറ്റ് ചികിത്സയില്‍ ആയിരുന്ന മുക്കിം എന്ന ആളും മരിച്ചിരുന്നു. വയറിലായിരുന്നു ഇയാള്‍ക്ക് വെടിയേറ്റത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇയാളുടെ ജീവന് രക്ഷിക്കാനായില്ല. ഫിറോസാബാദിലെ ഫാക്ടറി തൊഴിലാളിയായിരുന്നു ഇയാള്‍.
അതേസമയം രാംപൂരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 28 പേര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇവരില്‍ നിന്ന് പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. എംബ്രോയിഡറി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടീസ്.
കഴിഞ്ഞ ദിവസം മീററ്റില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബാഗംങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും യോഗിയുടെ പോലീസ് മടക്കി അയച്ചിരുന്നു. മീററ്റിന് തൊട്ടുമുമ്പാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞത്.
Discussion about this post