മുംബൈ: പൗരത്വ നിയമ ഭേദഗതിയും(സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) തള്ളി മഹാരാഷ്ട്ര സർക്കാരും ഉദ്ധവ് താക്കറെ ഉൾപ്പടെയുള്ള ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടും നിലപാട് മാറ്റാതെ പാർട്ടിയുടെ ലോക്സഭാ എംപി. സിഎഎയും എൻആർസിയും നല്ലതിനെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിന് പിന്തുണയുമായി ശിവസേന എംപി കത്തെഴുതിയിരിക്കുകയാണ്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. എൻആർസിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാടാണു ശിവസേനയ്ക്ക്. അപ്പോഴാണ് എതിർവാദവുമായി പാർട്ടി എംപി തന്നെ രംഗത്തെത്തുന്നത്.
ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ പോലും പങ്കെടുത്തിരുന്നില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയുമായും സഖ്യമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. യോഗങ്ങളുടെ തിരക്കായതിനാൽ സിഎഎയെയും എൻആർസിയെയും പിന്തുണച്ചുള്ള മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ഹേമന്ദ് പാട്ടീൽ പ്രതികരിക്കുന്നത്. പ്രകടനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്. ഈ വിഷയങ്ങളിൽ ലോക്സഭയിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഹേമന്ത് പാട്ടീൽ കത്തിൽ വ്യക്തമാക്കി.
ശിവസേന എല്ലായ്പ്പോഴും ഹിന്ദുത്വ പാർട്ടിയാണ്. നിയമങ്ങളെ പിന്തുണയ്ക്കുന്നതു കൊണ്ടാണു കത്തെഴുതുന്നതെന്നും ഹേമന്ത് പറഞ്ഞു. ഹിംഗോലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്താണു കത്തു പുറത്തുവന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിംഗോലിയിലെ തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണു ഹേമന്തിന്റെ നീക്കമെന്നാണു വിവരം. സവർക്കറിന്റെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണു പൗരത്വ ഭേദഗതി നിയമമെന്നു പ്രഖ്യാപിച്ചാണ് ശിവസേന എതിർക്കുന്നത്. സുപ്രീം കോടതിയുടെ നിലപാടറിഞ്ഞതിനു ശേഷം മാത്രം നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരിക്കുന്നത്.
Discussion about this post