ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മൗനം വെടിഞ്ഞ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളും രംഗത്തെത്തണമെന്ന് സംവിധായകന് അനുഭവ് സിന്‍ഹ. രാജ്യത്ത് ഇത്രത്തോളം പ്രശ്നങ്ങള്‍ സംഭവിച്ചിട്ടും ബോളിവുഡ് താരങ്ങളെല്ലാം പ്രതികരിക്കാതെ നിശബ്ദരായി ഇരിക്കുകയാണെന്നും അനുഭവ് സിന്‍ഹ പറഞ്ഞു.
പ്രമുഖതാരങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. ഷാരൂഖ് ഖാന് ട്വിറ്ററില്‍ 40 ദശലക്ഷവും സല്മാന്ഖാന് 38 ദശലക്ഷവും ആമിര്‍ ഖാന് 25 ദശലക്ഷവും ഫോളോവര്‍മാരുണ്ട്. ഇത്രത്തോളം ആരാധകരെ സ്വാധീനിക്കാനാകുന്ന താരങ്ങള്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടും എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും ഇത് നാണക്കേടാണെന്നും സംവിധായകന് പറഞ്ഞു.
എന്തുകൊണ്ടാണ് ഷാരൂഖ് ഖാന്, സല്മാന് ഖാന്, അമീര്‍ ഖാന് തുടങ്ങിയവരാരും സംഭവത്തില്‍ പ്രതികരിക്കാത്തത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. സംവിധായകന് പരസ്യമായി ചോദ്യം ചോദിച്ചിട്ടും താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.