നാഗ്പൂര്‍: ആര്‍ത്തവ ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ശമ്പളം മുടങ്ങുന്നത് കണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്ത് ദരിദ്രരായ സ്ത്രീകള്‍. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000ത്തോളം സ്ത്രീകളാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസിയുടെ പട്ടികജാതി വകുപ്പ് ചെയര്‍മാനുമായ നിതിന്‍ റാവത്ത് വെളിപ്പെടുത്തി.
സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് റാവത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതുമൂലം ഇവരുടെ ആ ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുന്നു.
ദിവസക്കൂലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇവര്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്റ്റെറക്ടമി ശസ്ത്രക്രിയയ്ക്ക് ഇവര്‍ വിധേയരായതായും കത്തില്‍ റാവത്ത് വ്യക്തമാക്കുന്നു.