ന്യൂഡല്‍ഹി: തുര്‍ക്കി ഉള്ളി കയറ്റുമതി നിരോധിച്ചു, രാജ്യത്ത് ഉള്ളിയ്ക്ക് വീണ്ടും വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുമൂലം ഉള്ളിക്ക് 10 മുതല്‍ 15 ശതമാനം വരെ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മഴക്കെടുതിയെ തുടര്‍ന്നുണ്ടായ കൃഷിനാശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്നിരുന്നു. വില വര്‍ധിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന് കണ്ട് തുര്‍ക്കി, ഊജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറായി. എന്നാല്‍ തുര്‍ക്കിയിലെ ആഭ്യന്തര വിപണിയിലും ഉള്ളിവില ഉയരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ കയറ്റുമതി നിര്‍ത്തിവെച്ചത്.
ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ജനുവരി മധ്യത്തോടെ ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉള്ളി വിപണിയിലേക്ക് എത്തുന്നതോടെ ഇന്ത്യയില്‍ ഉള്ളിവില സാധാരണ ഗതിയിലേക്ക് കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേന്ദ്ര കൃഷി വകുപ്പിന്റെ കണക്കുപ്രകാരം റാബി വിളകള്‍ കൃഷിചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവെച്ച് ഉള്ളി കൃഷി ചെയ്യുന്നവരുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ട് എന്നാണ്. 2.31 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് നേരത്തെ ഉള്ളി കൃഷി ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് 2.78 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്.