ചെന്നൈ: കോയമ്പത്തൂരില്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക്. മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചിട്ടും മതില്‍ സ്ഥാപിച്ച ശിവസുബ്രഹ്മണ്യനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിനാളുകള്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്.
കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും തമിഴ് പുലിഗല്‍ കച്ചി പ്രവര്‍ത്തകരുമാണ് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്. ജനുവരി അഞ്ചിനാണ് ഇവര്‍ ഔദ്യോഗികമായി മതംമാറുക. ശിവസുബ്രഹ്മണ്യന്‍ തീര്‍ത്ത ജാതിമതില്‍ 17 ദളിതരുടെ ജീവനെടുത്തിട്ടും, മതില്‍ സ്ഥാപിച്ച ഇയാള്‍ക്കെതിരെ എസ്‌സി, എസ്ടി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതംമാറ്റം. ആദ്യ ഘട്ടമെന്ന നിലയില്‍ ജനുവരി അഞ്ചിന് മേട്ടുപ്പാളയത്ത് 100 പേരാണ് ഇസ്ലാം മതം സ്വീകരിക്കുക. ഘട്ടംഘട്ടമായി മാറ്റുള്ളവരും മതംമാറാനാണ് തീരുമാനം.
തമിഴ് പുലിഗല്‍ കച്ചി മേട്ടുപ്പാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശിവസുബ്രഹ്മണനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതംമാറ്റമെന്ന് പുലിഗല്‍ കച്ചി ജനറല്‍ സെക്രട്ടറി ഇളവേനില്‍ പറഞ്ഞു. ദുരന്തത്തിന് കാരണക്കാരനായ ശിവസുബ്രഹ്മണ്യന്‍ അറസ്റ്റിലായി 20 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ നീതി തേടി ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായെന്നും സമരം നയിച്ചതിന് കോയമ്പത്തൂര്‍ ജയിലിലടച്ച തിരുവള്ളുവന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു മതത്തിലെ ജാതിവിവേചനത്തിന്റെ സൂചനയാണ് ഇതെന്ന് ഇളവേനില്‍ വിമര്‍ശിച്ചു.