ഒരിക്കല്‍ പറയും ബന്ധമുണ്ടെന്ന് പിന്നെ പറയും ഇല്ലെന്ന്, അമിത് ഷാ ശരിക്കും ആളെ പൊട്ടനാക്കുകയാണോ?; ഷാ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത് 9 തവണ

പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പൊളിയുന്നു. പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് 9 തവണയാണ് സര്‍ക്കാര്‍ സഭക്കകത്ത് വ്യക്തമാക്കിയതെന്ന് പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഒരു അഭിമുഖത്തിലാണ് എന്‍ആര്‍സിയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അമിത് ഷാ പറഞ്ഞത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ഇതുതന്നെയാണ് അവകാശപ്പെട്ടത്. എന്നാല്‍ കാബിനറ്റ് തീരുമാനത്തെ കുറിച്ച് പുറത്തിറങ്ങിയ സര്‍ക്കുലറിന്റെ ആദ്യത്തെ ഖണ്ഡികയില്‍ തന്നെ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായി തന്നെ വിശദീകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള അടിസ്ഥാന ഡാറ്റ എന്ന നിലയിലാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതും തെറ്റാണെന്നാണ് തെളിയുന്നത്. ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതിയിലൂടെ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലാത്ത പുതിയ വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൗരത്വ പട്ടിക നടപ്പാക്കാനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ സര്‍ക്കാരിന്റെ മുമ്പാകെയില്ലെന്നായിരുന്നു അമിത് ഷാ ഒരിക്കല്‍ പറഞ്ഞത്.

എന്നാല്‍ ബിജെപിയുടെ പ്രകട പത്രികയില്‍ പൗരത്വ പട്ടിക നടപ്പാക്കുമെന്നുണ്ടെന്ന് അമിത് ഷാ തന്നെ അഭിമുഖത്തിനിടെ സമ്മതിക്കുകയും ചെയ്തു. അസമില്‍ തടങ്കല്‍ പാളയങ്ങള്‍ പണിയുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് തീര്‍ത്തും വിരുദ്ധമായതായിരുന്നു അമിതാഷായുടെ പ്രസ്താവന. തടങ്കല്‍ പാളയങ്ങള്‍ ഉണ്ടെന്നും നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് വരെ പാര്‍പ്പിക്കാനുള്ളവയാണ് ഇതെന്നുമായിരുന്നു അമിതാ ഷാ പറഞ്ഞത്. അമിത് ഷാ ഈയിടെയായി നടത്തുന്ന പ്രസ്താവനകളെല്ലാം തികച്ചും പരസ്പര വിരുദ്ധം തന്നെ.

Exit mobile version