ഗാന്ധിനഗർ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കാനായി വീണ്ടും ഭിന്നിപ്പിക്കുന്ന പരാമർശങ്ങളുമായി ബിജെപി നേതാക്കൾ. ഇത്തവണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വർഗ്ഗീയ പറഞ്ഞ് വിവാദം കത്തിച്ചിരിക്കുന്നത്. മുസ്ലിങ്ങൾക്ക് താമസത്തിനായി തെരഞ്ഞെടുക്കാൻ ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ടെന്നും എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളൂയെന്നുമാണ് രൂപാണിയുടെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് സബർമതി ആശ്രമത്തിന് പുറത്ത് നടത്തിയ റാലിയിലായിരുന്നു രൂപാണിയുടെ പ്രസ്താവന.
നിയമ ഭേദഗതിയെ എതിർക്കുന്ന കോൺഗ്രസിനെതിരേയും ആഞ്ഞടിച്ച രൂപാണി വിഷയത്തിൽ മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെയും ആഗ്രഹം കോൺഗ്രസ് മാനിക്കുന്നില്ലെന്നും ആരോപിച്ചു. പാകിസ്താനിൽ നിന്നുൾപ്പടെ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ഈ നിയമമെന്നും അതിനെ എന്തിനാണ് എതിർക്കുന്നതെന്നും വിജയ് രൂപാണി ചോദിക്കുന്നു.
വിഭജന സമയത്ത്(1947ൽ) പാകിസ്താനിൽ 22 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നു. നിരന്തരമായ പീഢനം കാരണം ഇപ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ദുരിതത്തിലായ ഈ ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ് ചെയ്യേണ്ടിയിരുന്നതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഞങ്ങൾ അത് ചെയ്യുമ്പോൾ നിങ്ങൾ എന്തിന് എതിർക്കുന്നുവെന്നും രൂപാണി പ്രതിഷേധിക്കുന്നവരോടായി ചോദിക്കുന്നു.
ബംഗ്ലാദേശിൽ ഹിന്ദു ജനസംഖ്യ വെറും രണ്ട് ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അഫ്ഗാനിസ്താനിൽ രണ്ട് ലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെന്നും എന്നാൽ ഇന്ന് അവരുടെ എണ്ണം 500 മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംങ്ങൾക്ക് 150 രാജ്യങ്ങളിൽ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കൾക്ക് പോകാൻ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്. അവർക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെങ്കിൽ എന്താണ് പ്രശ്നമെന്നും രൂപാണി ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഗുജറാത്തിൽ ബിജെപി നേതാക്കളും സർക്കാർ സംവിധാനവും ചൊവ്വാഴ്ച സംസ്ഥാനത്തെ 33 ജില്ലകളിലുടനീളം പൗരത്വ നിയമ ഭേദഗതി അനുകൂല റാലികൾ സംഘടിപ്പിച്ചിരുന്നു.