ചണ്ടീഗഢ്: ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി യുവതി. ഹരിയാണയിലാണ് സംഭവം. അംബാല സ്വദേശിയായ സുനില്‍കുമാരിയാണ് താനാണ് ഭര്‍ത്താവ് രോഹ്താസ് സിങ്നെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി അനില്‍ വിജിന് കൈമാറിയത്. തന്നെ തൂക്കിക്കൊല്ലണമെന്നും സുനില്‍കുമാരി കത്തില്‍ ആവശ്യപ്പെട്ടു.
2017 ജൂലൈ പതിനഞ്ചിനാണ് സുനില്‍കുമാരിയുടെ ഭര്‍ത്താവും ഹരിയാണാ പോലീസിലെ എഎസ്ഐയും ആയിരുന്ന രോഹ്താസ് സിങ് മരിക്കുന്നത്. അമിതമായി മദ്യപിച്ചെത്തിയ രോഹ്താസ് അസഭ്യം പറയുകയും മുറി മുഴുവന്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് രോഹ്താസ് സിങ്ങിനെ സുനില്‍കുമാരി തുണിയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനിടെ രോഹ്താസ് തൊണ്ടയില്‍ ഭക്ഷണ പദാര്‍ഥം കുടുങ്ങുകയും പിന്നാലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പേ തന്നെ രോഹ്താസ് മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനില്‍കുമാരി കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി അനില്‍ വിജിന് കൈമാറിയത്. മന്ത്രിയുടെ വസതിയിലെത്തിയാണ് സുനില്‍കുമാരി കുറ്റസമ്മതക്കത്ത് കൈമാറിയത്. താന്‍ ചെയ്ത കുറ്റത്തിന് തൂക്കിക്കൊല്ലണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി അനില്‍ വിജ് പറഞ്ഞു. സുനില്‍കുമാരിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post