ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും മുസ്ലിം സമുദായത്തിന് മാത്രമല്ല, ഹിന്ദു സമുദായത്തിലും വലിയ ആഘാതങ്ങളുണ്ടാക്കുമെന്ന് വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്ക്കർ. മുസ്ലിങ്ങളെ മാത്രമല്ല ഹിന്ദു സമുദായത്തെയും പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ആഘാതമേൽപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വ്യാഴാഴ്ച വിജെഎ മുംബൈ നഗരത്തിൽ നിയമത്തിനെതിരെ ബഹുജന റാലി നടത്തുമെന്നും പ്രകാശ് അംബേദ്ക്കർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ബിആർ അംബേദ്ക്കറുടെ പൗത്രൻ കൂടിയാണ് പ്രകാശ് അംബേദ്ക്കർ.
പൗരത്വത്തിന് മതം പുതിയ മാനദണ്ഡമായി വരുമ്പോൾ ഹിന്ദുക്കൾക്കാണ് വലിയ ആഘാതം സംഭവിക്കുകയെന്നും അദ്ദേഹം വിശദീകരിക്കുന്നു. മുസ്ലിം സമുദായത്തെ കൂടാതെ രാജ്യത്തെ 40 ശതമാനത്തോളം ഹിന്ദു സമുദായത്തേയും സിഎഎയും എൻആർസിയും ബാധിക്കും. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇനിയും പൂർണ്ണമായി മനസിലാക്കാൻ സാധിക്കാത്തതാണ്. 12 മുതൽ 16 ശതമാനം വരെയുള്ള ഗോത്ര വിഭാഗങ്ങളേയും 9 ശതമാനത്തോളം ആദിവാസി വിഭാഗങ്ങളേയും ഈ നിയമം കുടിയേറ്റക്കാരാക്കി മാറ്റും. ഇവർക്ക് ഹാജരാക്കാൻ രേഖകളൊന്നുമില്ലെന്ന കാരണമായിരിക്കും അപ്പോൾ സർക്കാർ പറയുകയെന്നും പ്രകാശ് അംബേദ്ക്കർ പറയുന്നു. ആസാമിൽ പ്രാഥമിക എൻആർസി പട്ടികയിൽ നിന്നും ദശലക്ഷത്തോളം ഹിന്ദുക്കളാണ് ഒഴിവാക്കപ്പെട്ടത്. മുസ്ലിം സമുദായത്തേക്കാൾ കൂടുതൽ ഹിന്ദു വിഭാഗങ്ങളെയാണ് പട്ടിക ബാധിച്ചിരുന്നത്.
രാജ്യമെമ്പാടും നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധം കനത്തതോടെ നിയമപരമായി എതിരിടാനാണ് സംഘപരിവാർ അനുകൂലികളുടെ ശ്രമം. ദേശീയ പൗരത്വ നിയമത്തെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർക്കെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. അഭിഭാഷകനായ പ്രദീപ് ഗുപ്തയാണ് പരാതി നൽകിയിരിക്കുന്നത്.
അലിഗഡ് സിജെഎം കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. കോടതി പരാതി സ്വീകരിക്കുകയും ജനുവരി 24ന് പരാതി പരിഗണിക്കുകയും ചെയ്യും. നേരത്തെ ദേശീയ പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ പ്രകടനം നടത്തിയതിന് പ്രമുഖ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. പി ചിദംബരം, വൈകോ, കെഎസ് അഴഗിരി, ഡികെ നേതാവ് കെ വീരമണി എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15,000 പേർ റാലിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. പോലീസ് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്. ചെന്നൈ നഗരത്തിലായിരുന്നു ഡിഎംകെയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധ റാലി നടന്നത്.
Discussion about this post