ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിലുള്ള മെഡിക്കല്‍ സംഘത്തോടൊപ്പം വൊളണ്ടിയറായി പ്രതിഷേധസ്ഥലത്ത് എത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് മലയാളി യുവതിക്ക് മര്‍ദ്ദനമേറ്റത്.
സമരത്തിനിടെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുന്നത് കണ്ട പോലീസ് അടുത്തേക്ക് പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന വനിത പോലീസുകാര്‍ സ്വകാര്യ ഭാഗങ്ങളില്‍ കൈകടത്തി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് വരെ ഉപദ്രവം തുടര്‍ന്നു. ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷമാണ് പോലീസ് ഇവരെ വിട്ടയക്കുന്നത്. ഉപദ്രവിച്ച വനിത പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ജാമിയ മിലിയയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന് പ്രവര്‍ത്തകരും ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മീററ്റില്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ നേതാക്കള്‍ ബുധനാഴ്ച വീണ്ടും മീററ്റില്‍ എത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.
Discussion about this post