ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യമൊട്ടാകെ ഉടൻ നടപ്പാക്കുമെന്ന അവകാശവാദത്തിൽ നിന്നും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പിന്നോട്ട്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ തന്റെ സർക്കാർ ഒരുചർച്ചയും നടത്തിയിട്ടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ ശരിവെച്ചാണ് അമിത് ഷാ രംഗത്തെത്തിയത്.
ദേശവ്യാപകമായ പൗരത്വപ്പട്ടികയെക്കുറിച്ച് ചർച്ചനടന്നിട്ടില്ലെന്നും ആ സ്ഥിതിക്ക് അതേക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നുമാണ് എഎൻഐയോട് അമിത് ഷാ പ്രതികരിച്ചത്. നവംബർ 19-നു രാജ്യസഭയിലും ഡിസംബർ ആദ്യം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പുറാലിയിലും എല്ലാം വീമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമാണ് അമിത് ഷായുടെ പുതിയ മയപ്പെടുത്തിയ നിലപാട്. 2024-നകം പൗരത്വപ്പട്ടിക തയ്യാറാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നായിരുന്നു അമിത് ഷാ അന്നുപറഞ്ഞത്.
എന്നാൽ ഇപ്പോഴത്തെ വാക്കുകളാകട്ടെ ഇങ്ങനേയും: ‘പ്രധാനമന്ത്രി പറഞ്ഞതുശരിയാണ്. അത്തരമൊരു ചർച്ച മന്ത്രിസഭയിലോ പാർലമെന്റിലോ നടന്നിട്ടില്ല ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) ദേശീയ പൗരത്വപ്പട്ടികയും(എൻആർസി) തമ്മിൽ ബന്ധമില്ല. അതുരണ്ടും രണ്ടാണ്. എൻപിആർ ദേശീയ ജനസംഖ്യാ പട്ടികയാണ്. എൻആർസി ദേശീയ പൗരത്വപ്പട്ടികയും. രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണ്. എൻപിആറിന്റെ വിവരങ്ങൾ എൻആർസിക്കായി ഉപയോഗിക്കില്ല” അദ്ദേഹം വ്യക്തമാക്കി.