മുംബൈ: കുതിച്ചുയര്‍ന്ന ഉള്ളിവിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഉള്ളി വിളവെടുപ്പ് ആരംഭിക്കുകയും, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വില കുറയാന്‍ തുടങ്ങിയത്.
മുംബൈയില്‍ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായി. മൊത്ത വില 55 നും 65 നും ഇടയിലാണ്. എന്നാല്‍ കേരളത്തില്‍ ഉള്ളിവിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ കേരളത്തിലും മാറ്റം വരും എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പുതിയ സ്റ്റോക്കുകള്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലടക്കം എത്തും.
ഉള്ളിവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ 42,500 ടണ്‍ ഉള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ 12,500 ടണ്‍ കൂടി ഇറക്കുമതി ചെയ്തത്. എന്നാല്‍, ജനുവരി അവസാനവാരമെങ്കിലും എത്താതെ ഉള്ളിവില കാര്യമായ രീതിയില്‍ താഴില്ലെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.
ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ ഉള്ളിവില 100 രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇത് 150 രൂപയായിരുന്നു. ആ ഘട്ടത്തില്‍ നാഫെഡിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഉള്ളി 22 രൂപ നിരക്കിലാണ് ന്യൂഡല്‍ഹില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇറക്കിയത്.
നേരത്തെ കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ ഉള്ളി വില കുറയുമെന്ന് സൂചന നല്‍കിയിരുന്നു. ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.
Discussion about this post