ഇതൊരു വല്ലാത്ത തിരിച്ചടിയായിപ്പോയി; പൗരത്വഭേദഗതി നിയമത്തിനെതിരെ ആളിക്കത്തുന്ന പ്രതിഷേധം തണുപ്പിക്കാന്‍ തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ച് ബിജെപി

പൗരത്വനിയമഭേദഗതിക്കും പൗരത്വപ്പട്ടികയ്ക്കും എതിരെ രാജ്യത്തെങ്ങും ആളിക്കത്തുന്ന പ്രതിഷേധം തണുപ്പിക്കാനായി പുതിയ തന്ത്രങ്ങള്‍ തേടിയിറങ്ങുകയാണ് ബിജെപി. പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞെങ്കിലും പൗരത്വപ്പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്ന സമീപനമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. പൗരത്വനിയമത്തെ നേട്ടമായി ചിത്രീകരിച്ചുള്ള പ്രചാരണം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടമായിരിക്കുമെന്ന വിലയിരുത്തലിലായിരുന്നു അമിത് ഷാ. എന്നാല്‍ കാര്യം കൈവിട്ട് പോയതോടെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ബിജെപി.

പൗരത്വനിയമഭേദഗതിക്കും പൗരത്വപ്പട്ടികയ്ക്കും എതിരെ ദിനംപ്രതി പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണക്കുകൂട്ടലുകളെല്ലാം പാളിപ്പോയ ബിജെപി അടവ് മാറ്റിപ്പിടിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കടുത്ത നിലപാട് മാറ്റിവെക്കേണ്ടത് താത്കാലികമായെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് എത്തി. പൗരത്വനിയമം പ്രചാരണവിഷയമാക്കിയ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാക്കിയില്ലെന്ന് ബിജെപി നേതൃത്വം ഇതിനിടയില്‍ തിരിച്ചറിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടു തലേദിവസം പ്രധാനമന്ത്രി പൗരത്വപ്പട്ടിക സംബന്ധിച്ച് പുതിയ നിലപാട് അവതരിപ്പിച്ചു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

പൗരത്വനിയമവും പട്ടികയും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ തന്ത്രം. അമിത് ഷായാണ് പൗരത്വനിയമം സജീവ ചര്‍ച്ചയാക്കിയതെങ്കിലും വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും വിഷയം ഉന്നയിച്ചു. തെരഞ്ഞെടുപ്പിലും മറ്റും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച വിഷയം പിന്നീട് ബിജെപിക്ക് തന്നെ തിരിച്ചടിയായ അവസ്ഥയിലാണ് എത്തിയത്.

Exit mobile version