ഹൈദരാബാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയും രംഗത്ത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്‍ആര്‍സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരിയുടെ പ്രഖ്യാപനം തന്റെ അറിവോടെയായിരുന്നുവെന്നും ഒരു കാരണവശാലും സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്നും ജഗന് മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.
തെലുഗു സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന.
ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്.
ഇതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വപ്നപദ്ധതിയായ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിലപാടെടുക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്. പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരത്തെ നിലപാട് പ്രഖ്യാപിച്ചിരുന്നു.
ഇതില്‍ ഒഡിഷ ഭരിക്കുന്ന ബിജു ജനതാദള്‍ (ബിജെഡി), ബിഹാറിലെ ഐക്യ ജനതാദള്‍ (ജെഡിയു), വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിച്ചിരുന്നു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത പഞ്ചാബിലെ ശിരോമണി അകാലിദള്‍ പിന്നീട് നിയമത്തില്‍ മുസ്ലിംകളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.