റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം അംഗീകരിക്കുന്നെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ്. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം കേവലഭൂരിപക്ഷം ഉറപ്പാക്കുകയും ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രഘുബര്‍ ദാസ് പരാജയം സമ്മതിച്ചത്.
അന്തിമ വിധിയില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധി എന്തുതന്നെയായാലും ബിജെപി അത് അംഗീകരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന രഘുബര്‍ ദാസ് സ്വതന്ത്ര സ്ഥാനാര്‍ഥി സരയു റായിയോടാണ് ദയനീയമായി പരാജപ്പെട്ടത്. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. മുന്‍ ബിജെപി മന്ത്രിയായിരുന്ന സരയു റായ്ക്ക് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ജംഷദ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ സരയു റായ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
ബിജെപി ആത്മവിശ്വാസത്തിലാണെന്നും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് രഘുബര്‍ ദാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. പ്രതീക്ഷയിലാണ് ലോകം മുന്നോട്ട് പോകുന്നത്. അന്തിമ ഫലം ഞങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.