റാഞ്ചി: രാജ്യത്ത് മോഡി-അമിത് ഷാ കൂട്ടുക്കെട്ടും ഭരണവും ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടുകെട്ടില്‍ കാവി പുതയ്ക്കും എന്ന അവകാശ വാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം ബിജെപിക്ക് നാല് സംസ്ഥാനങ്ങള്‍ കൈവിട്ടു. ഇപ്പോള്‍ ജാര്‍ഖണ്ഡിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമായത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിയെ കൈവിട്ടിരിക്കുന്നത്. സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നിരാശയായിരുന്നു ഫലം. ഏക ആശ്വാസം എന്നത് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാത്രമായിരുന്നു. അതും കൂടി നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ ബിജെപിയുടെ പതനം എന്ന് തന്നെ അക്ഷരാര്‍ത്ഥത്തില്‍ പറയുവാന്‍ മാത്രമാണ് സാധിക്കുക.
വിവാദങ്ങളെയും പ്രതിഷേധങ്ങളെയും മാനിക്കാതെ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും എല്ലാം ജാര്‍ഖണ്ഡിലുടനീളം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇതാണ് ജാര്‍ഖണ്ഡിലെ ബിജെപിയുടെ പതര്‍ച്ചയ്ക്ക് കാരണമായത്. പൗരത്വ ഭേദഗതി നിയമമ പാസാക്കി ആഴ്ച ഒന്ന് പിന്നിട്ടിട്ടും ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കുകയില്ല എന്ന ഉറച്ച നിലപാട് അറിയിച്ചിട്ടുമുണ്ട്. ഇനി ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിലും ബിജെപി പ്രതീക്ഷ വെയ്ക്കുന്നുണ്ട്.