റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) – കോൺഗ്രസ്- ആർജെഡി പാർട്ടികളുടെ മഹാസംഖ്യം കേവലഭൂരിപക്ഷം നേടി. 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മഹാസംഖ്യം വിജയം ഉറപ്പിച്ചിട്ടുണ്ട്. ജാർഖണ്ഡ് ഭരിക്കുന്ന ബിജെപി 31 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ജെഎംഎം -23, കോൺഗ്രസ് -12, ആർജെഡി-4എന്നിങ്ങനെയാണ് മഹാസഖ്യത്തിലെ സീറ്റ് വിഹിതം. മഹാസഖ്യത്തിലെ മൂന്ന് പാർട്ടികളും ചേർന്ന് 40ഓളം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട് കൂടാതെ എൻസിപി ഒരു സീറ്റിലും സിപിഐ(എംഎൽ)(എൽ) ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്.
ബാർഹെതിൽ മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ മുന്നിലാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഹേമന്ത് സോറനെയാണ് ഉയർത്തിക്കാണിക്കുന്നതും. കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായാൽ എത്രയും പെട്ടെന്ന് സർക്കാർ രൂപീകരണത്തിലേക്ക് കടക്കണമെന്നും ഗവർണറെ കാണണമെന്നും കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ജെവിഎം അടക്കമുള്ള ചെറുപാർട്ടികളെ ഒപ്പം ചേർക്കണമെന്നും ഹേമന്ത് സോറനോട് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. മൂന്ന് സീറ്റിൽ മുന്നിട്ട് നിൽക്കുന്ന ജാർഖണ്ഡ് വികാസ് മോർച്ചയുടെ (ജെവിഎം) പിന്തുണ ഉറപ്പാക്കാനും കോൺഗ്രസ് നീക്കമാരംഭിച്ചു കഴിഞ്ഞു. അതേസമയം കേവലഭൂരിപക്ഷമായ 41 സീറ്റുകൾ മാത്രം നേടിയാണ് മഹാസംഖ്യം അധികാരത്തിൽ വരുന്നതെങ്കിൽ കർണാടകയിലും ഗോവയിലും കണ്ടതു പോലെ രാഷ്ട്രീയകുതിരക്കച്ചവടത്തിന് ഒരു പക്ഷെ ജാർഖണ്ഡും ഇരയായേക്കും.
അതേസമയം, മുഖ്യമന്ത്രി രഘുബർ ദാസിനെ പിന്നിലാക്കി ജംഷഡ്പൂർ ഈസ്റ്റിൽ ലീഡ് ചെയ്യുന്ന ബിജെപി വിമതൻ സരയൂ റോയിയുടെ പിന്തുണയ്ക്കായി കോൺഗ്രസ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങൾ കോൺഗ്രസിന്റെ ആഗ്രഹം പോലെ നടന്നാൽ 81 അംഗ നിയമസഭയിൽ 43 പേരുടെ പിന്തുണ മഹാസംഖ്യത്തിന് ലഭിക്കും. മറ്റൊരു സ്വതന്ത്രനുമായും കോൺഗ്രസ് നേതൃത്വം ബന്ധപ്പെടുന്നുണ്ട്. അതേസമയം ജാർഖണ്ഡിൽ ബിജെപി സർക്കാരുണ്ടാക്കും എന്ന് ആവർത്തിക്കുകയാണ് ബിജെപി. ആദ്യഫലങ്ങൾ ബിജെപിക്ക് എതിരായിട്ടും മുഖ്യമന്ത്രി രഘുബർ ദാസ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ഇനിയും ബാക്കിയാണെന്നും അന്തിമഫലം വരുമ്പോൾ ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ജാർഖണ്ഡിൽ സർക്കാരുണ്ടാക്കും എന്നുമാണ് രഘുബർ ദാസിന്റെ അവകാശവാദം.