ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്ഘട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് ധര്‍ണ സംഘടിപ്പിച്ചത്.
ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും രാഹുല്‍ ട്വിറ്ററിലൂടെയാണ് ആഹ്വാനം ചെയ്തത്. ‘പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കാണിക്കേണ്ടതും അനിവാര്യമാണെന്നു’ മാണ് രാഹുലിന്റെ ട്വീറ്റ്.
രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിന് സമീപത്താണ് കോണ്‍ഗ്രസ് ധര്‍ണ. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭാഗമായേക്കും. ഉച്ചയ്ക്ക് ആരംഭിക്കുന്ന ധര്‍ണ വൈകീട്ട് വരെ തുടരും. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
Discussion about this post