ബംഗളൂരു: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പടെയുള്ള ഒട്ടേറെ ബഹുമതികൾക്ക് അർഹനായ ബംഗളൂരു സർവകലാശാല പ്രൊഫസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരൂപകനും വിവർത്തകനുമായ ജി നഞ്ചുണ്ടൻ (58) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതം ആകാം മരണകാരണമെന്നും പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നും പോലീസ് അറിയിച്ചു.
ബംഗളൂരു യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള വിവരം കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവർ എത്തി പോലീസിനൊപ്പം വീട്ടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്‌മെന്റിലായിരുന്നു താമസം. കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ അവാർഡ് ജേതാവ് യുആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
Discussion about this post