ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ മതം രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് കത്തി നില്‍ക്കെയാണ് ബാങ്കുകളിലും ഇനി മതം വേണമെന്ന വാര്‍ത്ത നിമിഷ നേരം കൊണ്ട് പടര്‍ന്ന് പിടിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നാണ് ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാര്ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ ബാങ്ക് അക്കൗണ്ടുകളിലും തങ്ങളുടെ മതം വെളിപ്പെടുത്തേണ്ടതില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമത്തിലെ ഷെഡ്യൂള്‍ മൂന്നില്‍ 2018 ല്‍ റിസര്‍വ് ബാങ്ക് വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കി, പുതിയ മാറ്റം വരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളും അവിശ്വാസികളും ഒഴികെയുള്ള മതന്യൂനപക്ഷങ്ങളില്‍ (ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍) നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസത്തിന് ആസ്തികള്‍ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഭേദഗതി അനുമതി നല്കുന്നു. ഈ നിയമത്തില്‍ മ്യാന്മര്, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഉപഭോക്തൃ വിവരത്തില്‍ ഇന്ത്യന്‍ പൗരന്മാര് മതം കൂടി രേഖപ്പെടുത്താനുള്ള നിര്‍ദ്ദേശത്തിനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതാണ് ഇപ്പോള്‍ കേന്ദ്രം നിഷേധിച്ചിരിക്കുന്നത്.
Discussion about this post