തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥാ കോവിന്ദില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ ഏറ്റുവാങ്ങുന്നത് നിരസിച്ച് വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ബിരുദദാന ചടങ്ങാണ് റാങ്ക് ജേതാവടക്കം നിരവധി പേര് ബഹിഷ്ക്കരിക്കുന്നത്. ബഹിഷ്കരണത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും ഉണ്ട്.
എംഎസ്സി ഇലക്ട്രോണിക് മീഡിയ കോഴ്സിലെ ഒന്നാം റാങ്കുകാരിയായ കോട്ടയം സ്വദേശി കാര്‍ത്തിക ബി കുറുപ്പ് ആണ് ചടങ്ങ് ബഹിഷ്കരിച്ചത്. സ്റ്റുഡന്‍സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 2018 ലാണ് കാര്‍ത്തിക ഒന്നാം റാങ്കോടെ കോഴ്സ് പൂര്‍ത്തിയാക്കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോഴും രാജ്യത്തുള്ള പ്രതിഷേധത്തിന് കുറവില്ല. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും മറ്റും വന്‍ പ്രതിഷേധമാണ് നിയമത്തില്‍ രേഖപ്പെടുത്തുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയില്‍ 27 ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിഎംകെയും കോണ്‍ഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന് ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ പ്രതിഷേധ റാലിക്കും ആഹ്വാനം ചെയ്തു. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.