ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് രാജ്യം ഇന്ന് ഉറ്റുനോക്കുന്നത്. ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്നേറ്റം. പ്രതീക്ഷ മങ്ങിയ നിലയിലാണ് ബിജെപി. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 37 നേടുമ്പോള്‍ ബിജെപി 33 സീറ്റ് നേടിയിരിക്കുകയാണ്.
നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഹേമന്ത് സോറന്, ബാബുലാല്‍ മറാണ്ടി തുടങ്ങിയവര്‍ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. പുറത്തുവന്ന എക്സിറ്റ് പോളുകളും ബിജെപിക്ക് തിരിച്ചടിയാണ് പ്രവചിച്ചിരുന്നത്. ഇതിനെ ശരിവെയ്ക്കുന്ന തലത്തിലാണ് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുന്നത്. അതേസമയം 45 സീറ്റെങ്കിലും നേടി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്-ജെഎംഎം സഖ്യം.
ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്.