തിരുവനന്തപുരം: പ്രതിപക്ഷം ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ന് ചെന്നൈയിലെ തെരുവിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കുക. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിയാണിത്.
ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്നാണ് പോലീസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്.
നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.
അതേസമയം കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് എംഎൽഎമാർ ഇന്ന് മംഗളൂരു സന്ദർശിക്കും. എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എംസി ഖമറുദ്ദീൻ, പികെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ പ്രദേശങ്ങളും ഇവർ സന്ദർശിക്കും. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും നേരിൽ കാണാനും ശ്രമിക്കും. മംഗളൂരു നഗരത്തിൽ കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാഞ്ജ ഇന്നും തുടരും. ഈ സാഹചര്യത്തിൽ കേരള എംഎൽഎമാരെ കർണാടക പോലീസ് തടഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത.
Discussion about this post